അബുദാബിയിലെ ഒരു റെസ്റ്റോറന്റിൽ ഗ്യാസ് പൈപ്പ് ചോർന്ന് അപകടമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ അൽ ഫലാഹ് പ്ലാസയ്ക്ക് പിന്നിലുള്ള ഒരു റസ്റ്റോറന്റിലാണ് ഗ്യാസ് പൈപ്പ് ചോർച്ചയുണ്ടായത്. അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അപകടത്തിൽ റസ്റ്റോറന്റിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഗ്ലാസ് മുഖത്തിൽ തറച്ചാണ് 2 പേർക്ക് പരിക്കുകൾ ഉണ്ടായിരിക്കുന്നത്.