ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വെബ്സൈറ്റിലൂടെ ബർഗർ, ഫ്രൈ, ഡ്രിങ്ക് , ടോയ് എന്നിവ ഓൺലൈനായി 37 ദിർഹത്തിന് ഓർഡർ ചെയ്തതിന് പിന്നാലെ ഫ്രാങ്ക് എന്ന ദുബായ് നിവാസിയ്ക്ക് നഷ്ടമായത് 4,848 ദിർഹം. ജൂൺ 26 ന് ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഒറിജിനൽ വെബ്സൈറ്റ് ആണെന്ന് കരുതിയാണ് ഇദ്ദേഹം സാധനങ്ങൾ 37 ദിർഹത്തിന് ഓർഡർ ചെയ്തത്.
തന്റെ പ്രിയപ്പെട്ട ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ അന്ന് നടത്തുന്ന പർച്ചേസുകൾക്ക് 50 ശതമാനം കിഴിവ് കാണുകയും തുടർന്ന് ഒരു പോപ്പ്-അപ്പ് പരസ്യത്തിൽ ക്ലിക്ക് ചെയ്ത് ഓർഡർ ചെയ്യുകയുമായിരുന്നു. വമ്പിച്ച കിഴിവ് കാരണം ഇത്രയും സാധനങ്ങൾക്ക് ബില്ല് 37 ദിർഹം മാത്രമായിരുന്നു. പക്ഷെ ഫോണിലേക്ക് ഒരു OTP വരികയും അത് വെബ്സൈറ്റിൽ എന്റർ ചെയ്തതോടെ 4,848 ദിർഹത്തിന്റെ പർച്ചേയ്സ് ചെയ്തുവെന്നുള്ള ബാങ്കിൽ നിന്നുള്ള സന്ദേശം ഫോണിലേക്ക് വരികയും ചെയ്തു. മാത്രമല്ല ഓർഡർ ചെയ്ത സാധനങ്ങൾ ഫ്ലാറ്റിലേക്ക് എത്തിയതുമില്ല.
പിന്നീടാണ് താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലായതെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞു. ഇക്കാര്യം ബാങ്കിലും അറിയിച്ചിരുന്നു. തട്ടിപ്പുകാർ ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ഒറിജിനൽ ലോഗോ ഉപയോഗിച്ചായിരുന്നു വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയിരുന്നത്.
തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നേരത്തെയും പൊതുജനങ്ങളെ ഓർമ്മിപ്പിച്ചിരുന്നു, പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ പല ആകർഷക ഓഫറുമായുള്ള വ്യാജ പരസ്യങ്ങളും പല വ്യാജ സൈറ്റുകളും സ്ഥാപിത ബ്രാൻഡുകളുടേതിന് സമാനമായി വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നത് കണ്ടേക്കാം. കാർഡിന്റെ CVV നമ്പറും ഒടിപിയും ഉൾപ്പെടെയുള്ള രഹസ്യാത്മക ബാങ്ക് ഡാറ്റ ആരും ആർക്കും നൽകരുതെന്നും പോലീസ് പറഞ്ഞു. URL-കൾ അല്ലെങ്കിൽ വെബ് വിലാസം രണ്ടുതവണ പരിശോധിക്കണമെന്നും ഏറ്റവും പ്രധാനമായി അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.