തകര്‍ന്ന ടൈറ്റന് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് വീണ്ടെടുത്ത് കരക്കെത്തിച്ചു
ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിലെ കനേഡിയൻ കോസ്റ്റ് ഗാർഡ് പിയറിലുള്ള കനേഡിയൻ കപ്പലായ ഹൊറൈസൺ ആർട്ടിക്കിൽ നിന്ന് ടൈറ്റൻ അന്തർവാഹിനിയുടെ ചില അവശിഷ്ടങ്ങൾ പൊക്കിയെടുക്കുന്ന ചിത്രങ്ങൾ അസോസിയേറ്റഡ് പ്രസ് (AP) ആണ് പുറത്ത് വിട്ടിട്ടുള്ളത്.
മഞ്ഞുമലയിൽ ഇടിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചുവെന്ന് കണക്കാക്കാമെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. 13,000 അടി താഴ്ച്ചയിൽ കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ അന്തര്‍വാഹിനി ഉള്‍വലിഞ്ഞ് തകർന്നതാകാമെന്നാണ് അധികൃതർ അറിയിച്ചത്.
മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ വില്ലിൽ നിന്ന് 500 മീറ്റർ അകലെ ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ROV കണ്ടെത്തിയതിനെത്തുടർന്നാണ് യുഎസ് കോസ്റ്റ് ഗാർഡ് അന്തർവാഹിനിയിലുണ്ടായിരുന്ന 5 പേരും മരിച്ചിരിക്കാം എന്ന നിഗമനത്തിലെത്തിയത്. 10 ദിവസത്തെ തിരച്ചിലിന് ശേഷം ഹൊറൈസൺ ആർട്ടിക്ക് കപ്പലിൽ നിന്ന് ഉപകരണങ്ങൾ നീക്കം ചെയ്യുകയാണെന്നും യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ സംഭവമുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.