ഇന്നലെ ജൂൺ 28 ന് പെരുന്നാൾ ദിനത്തിൽ യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ ഏരിയാട് പേബസാർ പുറക്കലത്ത് വീട്ടിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് സബീഹ് (25) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം രണ്ട് കാറുകളിലായി മരുഭൂമിയിലേക്ക് യാത്രപോകുന്നതിനിടെ ദുബായ്-അൽഐൻ റോഡിലെ റുവയ്യയിൽ ഇന്നലെ രാത്രിയാണ് വാഹനാപകടം ഉണ്ടായത്. മണലിൽ പൂണ്ടുപോയ മറ്റൊരു വാഹനത്തെ സഹായിക്കുന്നതിനായാണ് സബീഹ് കാറിൽ നിന്ന് ഇറങ്ങിയത്. സഹായിക്കുന്നതിനിടെ മണൽ തെറിച്ച് കണ്ണിലേക്ക് വീണപ്പോൾ അബദ്ധത്തിൽ റോഡിലേക്ക് നീങ്ങുകയും പിറകെ വന്ന ഇവരുടെ തന്നെ സുഹൃത്തുക്കളുടെ വാഹനം വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായ് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് മാസം മുമ്പാണ് സബീഹ് ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിയത്.