കടലിനടിയിലുണ്ടായ സ്‌ഫോടനത്തിൽ തകർന്ന ടൈറ്റന്‍ അന്തർവാഹിനിയുടെ കണ്ടെടുത്ത അവശിഷ്ടങ്ങൾക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളുമുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇന്നലെ ബുധനാഴ്ചയാണ് ടൈറ്റന്‍ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് വീണ്ടെടുത്ത് ഹൊറൈസൺ ആർട്ടിക് കപ്പൽ വഴി കരക്കെത്തിച്ചത്.
മഞ്ഞുമലയിൽ ഇടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനിയിൽ ഉണ്ടായിരുന്നത് ദുബായ് ആസ്ഥാനമായുള്ള ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, കറാച്ചി ആസ്ഥാനമായ വൻകിട ബിസിനസ് ഗ്രൂപ്പ് ‘എൻഗ്രോ’ യുടെ ഉടമ ഷഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ്, ഓഷ്യൻ ഗേറ്റ് എക്സ്‌പെഡീഷൻസ് സിഇഒ സ്‌റ്റോക്ടൺ റഷ് എന്നിങ്ങനെ 5 പേരാണ്. 13,000 അടി താഴ്ച്ചയിൽ കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ അന്തര്‍വാഹിനി ഉള്‍വലിഞ്ഞ് തകർന്നതാകാമെന്നാണ് അധികൃതർ അറിയിച്ചത്.
യുഎസ് മെഡിക്കൽ പ്രൊഫഷണലുകൾ സംഭവസ്ഥലത്തെ അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് വീണ്ടെടുത്ത മനുഷ്യാവശിഷ്ടങ്ങളുടെ ഔപചാരിക വിശകലനം ശ്രദ്ധാപൂർവ്വം നടത്തുമെന്ന് യുഎസ് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.