വേനൽക്കാലത്ത് റോഡ് സുരക്ഷയും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെയും വാഹന ഉടമകളെയും ബോധവത്കരിക്കുന്നതിനായി അബുദാബി പോലീസ് ജനറൽ കമാൻഡ് “സമ്മർ സേഫ്” കാമ്പെയ്നിന്റെ നാലാം പതിപ്പ് ആരംഭിച്ചു.
തടസ്സരഹിതമായ സുരക്ഷിത വേനൽക്കാലത്തിന് ആവശ്യമായ പ്രതിരോധ നടപടികളെക്കുറിച്ചും സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക, എന്നതാണ് കാമ്പെയ്നിനിന്റെ ലക്ഷ്യം 2023 ഓഗസ്റ്റ് 31 വരെ കാമ്പെയ്ൻ തുടരും.
വേനൽക്കാലത്ത് ടയർ പൊട്ടാനും വാഹനങ്ങൾക്ക് തീപിടിക്കാനും സാധ്യത കൂടുതലാണെന്നും കാമ്പെയ്നിലൂടെ പോലീസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അപകട സാധ്യത മനസിലാകാൻ ഒരു വീഡിയോയും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.ഒരു കാറിന്റെ പിന്നിലെ ടയറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചതിന് തൊട്ടുപിന്നാലെ റോഡിന്റെ ഇടതുവശത്തുള്ള കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച് നിയന്ത്രണം വിട്ട് കാർ അഞ്ച് വരി പാത മുറിച്ചുകടന്ന് വലതുവശത്തുള്ള ബാരിയറിൽ ഇടിക്കുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്.
കേടായതോ ജീർണിച്ചതോ ആയ ടയറുകൾ ഉപയോഗിച്ച് വാഹനം ഓടിടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ഒരാഴ്ചത്തെ വാഹനം പിടിച്ചെടുക്കലും അടക്കമുള്ളവ നേരിടേണ്ടിവരും.
വാഹനമോടിക്കുന്നവർ അവരുടെ ടയറുകൾ സ്പെസിഫിക്കേഷനുകൾക്ക് അനുസൃതമാണെന്നും അവരുടെ വാഹനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കണം. അവയുടെ ശേഷിയും അവർക്ക് താങ്ങാൻ കഴിയുന്ന താപനിലയാണോ എന്നും ദീർഘദൂര യാത്രകൾക്ക് ഇവ അനുയോജ്യമാണോ എന്നും പരിശോധിക്കണമെന്നും പോലീസ് കാമ്പെയ്നിലൂടെ പറഞ്ഞു.
https://www.facebook.com/watch/?v=935092467568313