യുഎഇയിൽ 50 ജീവനക്കാരോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ മേഖലയിലെ കമ്പനികളിൽ അർദ്ധ വാർഷിക സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള സമയപരിധി നാളെ ജൂലൈ 7 ന് അവസാനിക്കുമെന്നും പൂർത്തിയാക്കാത്ത സ്വകാര്യകമ്പനികൾക്ക് മറ്റന്നാൾ ജൂലായ് 8 മുതൽ പിഴ ബാധകമാകുമെന്നും ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
2023 ജൂലൈ 7 നുള്ളിൽ 50 ജീവനക്കാരോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ മേഖലയിലെ കമ്പനികളിൽ ഒരു ശതമാനം കൂടി സ്വദേശികൾ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. 2022 അവസാനത്തോടെ 50 ജീവനക്കാരോ അതിൽ കൂടുതലോ ഉള്ള സ്വകാര്യകമ്പനികളിൽ തങ്ങളുടെ ജീവനക്കാരുടെ 2 ശതമാനം സ്വദേശികളാണെന്ന് ഉറപ്പുവരുത്തണമെന്നും തുടർന്ന് ഓരോ ആറ് മാസത്തിലും സ്വദേശികളുടെ എണ്ണം ഒരു ശതമാനം വെച്ച് വർദ്ധിപ്പിക്കണമെന്നും കഴിഞ്ഞ വർഷം മന്ത്രാലയം തൊഴിലുടമകളോട് നിർദ്ദേശിച്ചിരുന്നു.
അതായത് സ്വകാര്യ മേഖലയിലെ കമ്പനികളിൽ 2023 ജൂലൈ 7 വെള്ളിയാഴ്ചക്കുളളിൽ 3 ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണം. 2023 വർഷാവസാനത്തോടെ സ്വദേശിവൽക്കരണം 4 ശതമാനമായും, 2024-ൽ 6 ശതമാനമായും 2025-ൽ 8 ശതമാനമായും 2026 അവസാനത്തോടെ 10 ശതമാനത്തിലും എത്തും.
സമയപരിധി അവസാനിച്ച് വീഴ്ച വരുത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഓരോ മാസത്തിലും 7000 എന്ന തോതിൽ 42,000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും. കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ഉള്‍പ്പെടെ വലിയ നിയമ നടപടികള്‍ നേരിടേണ്ടി വരും
ബലിപെരുന്നാൾ അവധി പരിഗണിച്ച് കമ്പനികൾക്ക് അവരുടെ ലക്ഷ്യത്തിലെത്താൻ കൂടുതൽ സമയം നൽകാൻ മന്ത്രാലയം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അർദ്ധ വാർഷിക സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള സമയപരിധി ജൂൺ 30 ൽ നിന്ന് ജൂലൈ 7 വരെ നീട്ടി നൽകിയിരുന്നു.