അജ്മാനിൽ 1.1 മില്യൺ ദിർഹം മൂല്യമുള്ള സ്വർണാഭരണങ്ങളും 40,000 ദിർഹം പണവും മോഷ്ടിച്ച മൂന്ന് അറബ് പ്രതികളെ വെറും 12 മണിക്കൂറിനുള്ളിൽ അജ്മാൻ പോലീസ് പിടികൂടി.
ഒരു സ്വർണ്ണക്കടയിൽ മോഷണം നടന്നതായി റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് അജ്മാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. പലതവണ വസ്ത്രം മാറ്റിയും മുഖംമൂടി ധരിച്ചും 3 പ്രതികളും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഷാർജ പോലീസിന്റെ സഹായത്തോടെയാണ് അജ്മാനിലെ റുമൈലയിൽ നിന്ന് ആദ്യപ്രതിയെ പിടികൂടിയത്.
കവർച്ച ആസൂത്രണം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്ത മൂന്നാം പ്രതിയെ അജ്മാനിലെ വ്യവസായ മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. മൂന്ന് പ്രതികളും 1.1 മില്യൺ ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 40,000 ദിർഹം പണവും മോഷ്ടിച്ചതായി സമ്മതിച്ചു. നിയമം ലംഘിക്കുന്ന ഇത്തരം അക്രമികളെ ശക്തമായി നേരിടുമെന്നും അജ്മാൻ പോലീസ് അറിയിച്ചു.