പൊതുജനാഭിപ്രായം ഇളക്കിവിടുന്നതും പൊതുതാൽപ്പര്യത്തിന് ഹാനികരവുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഏഷ്യൻ പ്രവാസിയെ കസ്റ്റഡിയിലെടുക്കാൻ യുഎഇയുടെ ഫെഡറൽ പ്രോസിക്യൂഷൻ ഉത്തരവിട്ടു. എമിറാത്തി സമൂഹത്തെ അവഹേളിക്കുന്നതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിനാണ് ഏഷ്യൻ പ്രവാസിക്കെതിരെ കേസെടുത്തത്.
പ്രതിയായ ഏഷ്യൻ പ്രവാസി കന്തൂറ വസ്ത്രം ധരിച്ച് ആഡംബര കാർ ഷോറൂമിലേക്ക് കയറി 2 മില്യൺ ദിർഹത്തിൽ കൂടുതൽ വിലയുള്ള ഒരു കാർ വേണമെന്ന് ധിക്കാരത്തോടെ ആവശ്യപ്പെടുകയും പണത്തിന് യാതൊരു വിലയും കാണിക്കാത്ത തരത്തിൽ ഷോറൂം ജീവനക്കാർക്ക് പരിഹാസത്തോടെ വലിയ തുക നൽകുന്നതുമായ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കന്തൂറ വസ്ത്രം ധരിച്ച് ആഡംബര കാർ ഷോറൂമിലേക്ക് കയറുന്നതും വൻതുകയുമായി രണ്ട് പേർ ഇയാളുടെ പുറകെ വരുന്നതും വീഡിയോയിലുണ്ട്.
ഈ പെരുമാറ്റം എമിറാത്തി പൗരന്മാരുടെ തെറ്റായതും കുറ്റകരവുമായ പ്രൊജക്ഷനെ പ്രോത്സാഹിപ്പിക്കുകയും പൊതു പ്രക്ഷോഭത്തിനും പൊതുതാൽപ്പര്യത്തിന് ഹാനികരമാകുന്നതിനും ഇടയാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവിച്ചു.
യുഎഇയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അവർ പ്രസിദ്ധീകരിക്കുന്ന മാധ്യമ ഉള്ളടക്കത്തിൽ നിയമപരവും ധാർമ്മികവുമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും രാജ്യത്തിന്റെ സാമൂഹിക സവിശേഷതകളും ഉൾച്ചേർത്ത മൂല്യങ്ങളും പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു. ഇത്തരത്തിൽ സ്വദേശി വസ്ത്രം ധരിച്ച് യുഎഇയിൽ കുറ്റകൃത്യത്തിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുക.