സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ലക്ഷ്യമിടുന്ന ദുബായ് വേൾഡ് ചലഞ്ച് മൂന്നാം പതിപ്പിൻറെ ഭാഗമായി ദുബായ് സിലിക്കൺ ഓയാസിസിൽ ഡ്രൈവറില്ലാ ബസുകൾ പരീക്ഷണ ഓട്ടം നടത്തുന്നതായി പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒയും ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിൻറെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്റോസിയാൻ അറിയിച്ചു.
2030 ഓടെ ദുബായിലെ ഗതാഗതത്തിൻറെ 25 ശതമാനവും സ്വയം നിയന്ത്രിത ഗതാഗതമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. ദുബായ് വേൾഡ് ചലഞ്ചിൻറെ കഴിഞ്ഞ രണ്ട് പതിപ്പും വിജയകരമായി നടപ്പിലാക്കിയിരുന്നു. 2023 സെപ്റ്റംബർ 26 മുതൽ 27 വരെയാണ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് കോൺഗ്രസ് നടക്കുക. സ്വയം നിയന്ത്രിത ഗതാഗത ചലഞ്ചിലെ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.ലോകമെമ്പാടുമുളള കമ്പനികളിൽ നിന്ന് 27 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. രണ്ട് വിഭാഗങ്ങളിലായാണ് വേൾഡ് ചലഞ്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചത്. വ്യവസായ പ്രമുഖരും പ്രാദേശിക കമ്പനികളും ചേർന്ന് 2.3 മില്യൺ ഡോളറിന്റെ .സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക.