വ്യാജ ചെക്ക് നല്കി വാഹന ഇടപാട് നടത്തിയ പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നൽകി.
വെബ്സൈറ്റുകളില്‍ നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നോ കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. തട്ടിപ്പുകാര്‍ അത്തരം ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ് മുന്നറിയിപ്പ് നല്കി.
വഞ്ചനയ്ക്ക് ഇരയായ കേസുകളും കുറ്റവാളികള്‍ പിടിക്കപ്പെട്ടതുമായ നിരവധി സംഭവങ്ങള്‍ ഷാര്‍ജ പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തട്ടിപ്പുകാര്‍ ഔദ്യോഗിക അവധി ദിവസങ്ങളില്‍ വാഹന വെബ്സൈറ്റുകളിലൂടെ ഇരകളുമായി ആശയവിനിമയം നടത്തുകയും ഇടപാട് നടത്തുകയും ചെയ്യുന്നു. വില്‍പ്പനക്കാരന്റെ അക്കൗണ്ടിലേക്ക് വ്യാജ ചെക്ക് നിക്ഷേപിച്ച് പ്രാഥമിക പര്‍ച്ചേസ് കരാര്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ബാങ്കിങ് സ്ഥാപനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന വാരാന്ത്യങ്ങളും ഔദ്യോഗിക അവധിദിനങ്ങളും പ്രയോജനപ്പെടുത്തുന്ന പുതിയ രീതിയാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. എടിഎമ്മുകളില്‍ വ്യാജ ചെക്ക് നിക്ഷേപിക്കുക, ഇടപാടുകള്‍ നിയമാനുസൃതമാണെന്ന് വിശ്വസിപ്പിച്ച് ഇരകളെ കബളിപ്പിക്കുക എന്നിവയാണ് ചെയ്തുവരുന്നത്.