യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 74-ാം പിറന്നാള്‍.
ദുബായിയെ വികസനത്തിന്‍റെ പാതയില്‍ ഒന്നാമതായി നിലനിർത്തുന്നത് അദ്ദേഹത്തിന്‍റെ കരുതലും ദീർഘവീക്ഷണവും പദ്ധതികള്‍ നടപ്പിലാക്കുന്നതിലുളള കൃത്യമായ ആസൂത്രണവും തന്നെയാണ്. യുഎഇയിലെ പ്രിയപ്പെട്ട ഭരണാധികാരിക്ക് പിറന്നാളാശംകള്‍ നേരുകയാണ് ഇന്ന് യുഎഇയിലെ സ്വദേശികളും വിദേശികളും.
ദുബായിലെ ഗതാഗത സംവിധാനം മികച്ച നിലവാരത്തില്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 5 പൊതുഇടങ്ങളിൽ ഷെയ്ഖ് മുഹമ്മദ് പര്യടനം നടത്തിയിരുന്നു. ദുബായിലെ സൈക്ലിസ്റ്റുകൾക്കിടയിൽ പ്രശസ്തമായ 7 കിലോമീറ്റർ ദുബായ് വാട്ടർ കനാൽ സൈക്ലിങ് ട്രാക്കിലൂടെയും അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം സൈക്കിൾ ചവിട്ടി യാത്രചെയ്തിരുന്നു.
1949 ജൂലൈ 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്‍റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായിരുന്നു അദ്ദേഹം. അബുദാബി മുന്‍ ഭരണാധികാരി ഷെയഖ് ഷെയ്ഖ് ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍റെ മകള്‍ ഷെയ്ഖ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്യാനാണ് ഷെയ്ഖ് മുഹമ്മദിന്‍റെ മാതാവ്. അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന മുത്തച്ഛന്‍ ഷെയ്ഖ് സഈദില്‍ നിന്നാണ് ഭരണ നിര്‍വഹണത്തിന്‍റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്. 1995ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂം, ഷെയ്ഖ് മുഹമ്മദിനെ ദുബായ് കിരീടാവകാശിയായി നിയമിച്ചു. 2006ല്‍ ഷെയ്ഖ് മക്തൂമിന്‍റെ മരണത്തോടെ ദുബായ് ഭരണാധികാരിയായി. പിന്നീട് ഇങ്ങോട്ട് ദുബായ് പിന്നിട്ട ഓരോ ദിനവും, ചരിത്രത്തിന്‍റെ ഭാഗമാണ്.