സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഭരണാധികാരിയാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇപ്പോൾ അമേരിക്കയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽ നടന്ന സാഹസിക യാത്രയുടെ അവിശ്വസനീയമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ആരാധകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്.
എട്ട് മണിക്കൂർ നീണ്ട സാഹസികയാത്രയിൽ പർവ്വതങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, ആകാശത്തോളം ഉയരമുള്ള മരങ്ങൾ എന്നിവയെല്ലാം ഏകദേശം 34.5 കിലോമീറ്ററോളം നടന്ന് കണ്ട് വെല്ലുവിളി നിറഞ്ഞ യാത്ര ആസ്വദിക്കുന്ന വീഡിയോയാണ് ദുബായ് രാജകുമാരൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂടെ ഒരു ടീമും ഉണ്ടായിരുന്നു.
.1,417 മീറ്റർ ഉയരത്തിൽ നിന്നും നടന്ന് 2,962 മീറ്റർ ഉയരത്തിലെത്തുന്നതും യോസെമൈറ്റ് ദേശീയോദ്യാനത്തിലെ വന്യജീവികളുടേയും വെളുത്ത വെള്ളത്തിന്റേയും ചില അതിശയിപ്പിക്കുന്ന ഷോട്ടുകളും വീഡിയോയിൽ കാണാം. കൂടെയുള്ള അങ്കിൾ സയീദ് മലകയറിയതിന് ശേഷം ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനത്തിൽ കിരീടാവകാശിയുടെ ടീമംഗങ്ങൾ യാത്രയുടെ ക്ഷീണത്തിൽ അവരുടെ കാലുകളിൽ ഐസ് പായ്ക്കുകൾ വെക്കുന്നതും കാണാം. ദുബായ് കിരീടാവകാശിയുടെ ഈ വീഡിയോ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആവേശമുണർത്തുന്ന കമ്മന്റുമായി വന്നിട്ടുള്ളത്.