ദുബായിലെ നിയമവിരുദ്ധമായ മസാജ് സേവനങ്ങൾക്കെതിരെ ‘സീറോ ചലഞ്ച്’ പദ്ധതിയിലൂടെ ദുബായ് പോലീസ് സുരക്ഷാ ഗാർഡുകൾക്ക് പരിശീലനം നൽകുകയും താമസക്കാർക്കും കടയുടമകൾക്കും അവബോധം നൽകുകയും ചെയ്തു.
റാഷിദിയ പോലീസ് സ്റ്റേഷൻ ദുബായ് ഇന്റർനാഷണൽ സിറ്റി ഏരിയയിൽ ഇതുമായി ബന്ധപ്പെട്ടുള്ള സുരക്ഷ ശക്തമാക്കിയിരുന്നു. ‘സീറോ ചലഞ്ച്’ സംരംഭത്തിലൂടെ അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഈ വർഷം ആദ്യ പാദത്തിൽ സുരക്ഷാ പ്രവർത്തനങ്ങൾ വിജയകരമായി ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
ഇന്റർനാഷണൽ സിറ്റി ഏരിയയിൽ 65 വാണിജ്യ കടകളെ കുറിച്ച് ബോധവൽക്കരണം നടത്തി, 225 സുരക്ഷാ ഗാർഡുകൾക്ക് പരിശീലനം നൽകി, 151 റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ താമസക്കാർക്ക് അനധികൃത മസാജ് സേവനങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകി.