വിശുദ്ധ ഖുര്‍ആന്‍ കത്തിക്കാന്‍ ഏതാനും തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കിയ സ്വീഡിഷ് സർക്കാരിന്റെ തീരുമാനത്തെ യുഎഇ ശക്തമായി അപലപിച്ചു.
സ്വീഡൻ തങ്ങളുടെ അന്താരാഷ്‌ട്ര ഉത്തരവാദിത്തങ്ങൾ അവഗണിച്ചുവെന്നും ഇക്കാര്യത്തിൽ സാമൂഹിക മൂല്യങ്ങളോടുള്ള ആദരവിന്റെ അഭാവം പ്രകടമാക്കിയെന്നും യുഎഇ ഊന്നിപ്പറഞ്ഞു.
സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വംശീയതയുടെ പ്രകടനങ്ങളും നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടാതെ, ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് ന്യായീകരണമായി ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് നിരസിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിയ കുറിപ്പ് സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി ഔദ്യോഗികമായി കൈമാറി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വീഡൻ അംബാസഡർ ലിസെലോട്ട് ആൻഡേഴ്സണെ വിളിച്ചുവരുത്തുന്നത്.