ചൂട് കാലമായതിനാൽ വാഹനങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ദുബായ് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
യുഎഇയിൽ അത്തരം അശ്രദ്ധയ്ക്ക് വദീമ നിയമത്തിലെ ആർട്ടിക്കിൾ 35 പ്രകാരം 5,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. ചില സന്ദർഭങ്ങളിൽ, ആളുകളുടെ ജീവനും സുരക്ഷയും അപകടത്തിലാകുന്നതിലേക്ക് പോയാൽ 10,000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കാം.
പാർക്ക് ചെയ്‌തിരിക്കുന്ന വാഹനത്തിനുള്ളിലെ കുതിച്ചുയരുന്ന താപനില എങ്ങനെ മാരകമായ സാഹചര്യങ്ങളിലേക്ക് എത്തുന്നു ?
ഏതാനും നാളുകൾക്ക് മുൻപ് പലചരക്ക് സാധനങ്ങൾ വാങ്ങാനായി ഒരു അമ്മ 2 വയസ്സുള്ള മകനെ അല്പസമയത്തേക്ക് കാറിൽ ഇരുത്തി ലോക്ക് ചെയ്തു പോകുകയും പിന്നീട് കാറിനകത്തെ താപനില സഹിക്കാനാകാതെ കുട്ടി ബുദ്ധിമുട്ടിലാകുകയും അടുത്തുള്ളവർ .തക്കസമയത്ത് പോലീസിനെ വിളിച്ചതുകൊണ്ട് കുട്ടിയെ രക്ഷിക്കാനായതും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ദുബായ് പോലീസ് ഇത്തവണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.