121 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ദുബായിലെ ലത്തീഫ ആശുപത്രിയിൽ ജനിച്ച 480 ഗ്രാം ഭാരമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി.
ശ്രീലങ്കൻ പ്രവാസികളായ റുഷാന റഫീഖ് (26), മുഹമ്മദ് മുദാസിർ (33) എന്നിവരുടെ ഗാസിയ എന്ന് പേരിട്ട പെൺകുഞ്ഞിനെയാണ് ലത്തീഫ ആശുപത്രിയിലെ കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റ് ഡോ. ജാവേദ് ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിന്റെ മികച്ച പരിചരണവും ചികിത്സയും നൽകി ജീവിതത്തിനായുള്ള പോരാട്ടത്തിൽ വിജയിപ്പിക്കാനായത്. വലിയ മാമ്പഴത്തേക്കാൾ ഭാരം കുറഞ്ഞ 480 ഗ്രാം ഭാരമുള്ള ആദ്യത്തെ കുഞ്ഞിന്റെ ജീവനാണ് മെഡിക്കൽ സംഘം രക്ഷിച്ചത്.
ഫെബ്രുവരി 23 നാണ് റുഷാനയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഗർഭധാരണം അപകടത്തിലാണെന്ന് അറിയുകയും പ്രസവിച്ചാലും കുഞ്ഞ് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ ലേബർ റൂമിൽ നിർത്തി ഏതാനും മണിക്കൂറുകൾ കൂടുമ്പോൾ ഡോക്ടർമാർ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. പിന്നീട് ഗർഭപിണ്ഡത്തിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും കുഞ്ഞിന്റെ ജനന ഭാരം വളരെ കുറവായിരിക്കുമെന്നും സൂചന നൽകി.500 ഗ്രാമിൽ താഴെ ജനിക്കുന്ന കുഞ്ഞുങ്ങൾ പ്രായോഗികമല്ലെന്ന് കരുതുന്നതിനാൽ കൂടുതൽ പ്രതീക്ഷിക്കരുതെന്ന് ഡോക്ടർമാർ റുഷാനയോടു പറഞ്ഞു.
എങ്കിലും കുഞ്ഞിനെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നിലെന്നും എനിക്ക് ദോഷം വന്നാലും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കണമെന്ന് റുഷാന ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. മെഡിക്കൽ ടീമിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, റുഷാന തന്റെ പ്രതീക്ഷയിലും വിശ്വാസത്തിലും മുറുകെ പിടിക്കുകയും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഡോക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഫെബ്രുവരി 25 ന് വെറും 480 ഗ്രാം ഭാരമുള്ള ഗാസിയ ഗർഭാവസ്ഥയുടെ 23 ആഴ്ചയിൽ ജനിച്ചപ്പോൾ റുഷാനയുടെ പ്രതീക്ഷകൾ ഉണരുകയായിരുന്നു. സ്വാഭാവിക പ്രസവവുമായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റി (NICU) ലേക്ക് കൊണ്ടുപോയി ഇൻകുബേറ്ററിൽ സൂക്ഷിക്കുകയും ഒരു വെന്റിലേറ്ററുമായി ബന്ധിപ്പിക്കുകയും ചെയ്തു.
പിന്നീട് NICU-വിൽ ഡോക്ടർമാരും നഴ്‌സുമാരും 24 മണിക്കൂറും പരിചരണവും ചികിത്സയും നൽകുകയായിരുന്നു. റുഷാനയും മുദാസിറും മിക്കവാറും എല്ലാ ദിവസവും തങ്ങളുടെ കൊച്ചു മകളെ സന്ദർശിക്കുകയും അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
തുടക്കത്തിൽ കുഞ്ഞിന് മുലപ്പാൽ നൽകാനാകുമോ എന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. പിന്നീട് സാവധാനത്തിൽ ചെറിയ അളവിൽ പാൽ നൽകാൻ റുഷാനയെ അനുവദിച്ചു. പാൽ ശേഖരിച്ച് ഒഴിച്ച് NICU വിന് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. ജൂൺ മാസത്തോടെ കുഞ്ഞ് നല്ല അളവിൽ പാൽ കുടിക്കാൻ തുടങ്ങി. കഠിനമായ 121 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഗാസിയയെ ഡിസ്ചാർജ് ചെയ്തു. അവളുടെ അതിജീവനം ശ്രദ്ധേയമായിരുന്നെന്നും അവളെ ഹോസ്പിറ്റലിൽ എക്കാലത്തെയും “പോരാളി” എന്നും വിളിക്കപ്പെട്ടതായും റുഷാന പറഞ്ഞു.
”സർവ്വശക്തന്റെ അനുഗ്രഹത്തോടും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പിന്തുണയോടെ അവളുടെ ജീവിതത്തിനായി പോരാടിയതിനാൽ യോദ്ധാവ് അല്ലെങ്കിൽ പോരാളി എന്നർഥമുള്ള ഗാസിയ എന്ന പേരാണ് ഞങ്ങൾ അവൾക്ക് ഇട്ടത്” ഇപ്പോൾ ഗാസിയ ആരോഗ്യമുള്ള 2.3 കിലോ ഭാരമുള്ള സാധാരണ കുഞ്ഞാണ്. അവൾ ഒരു മരുന്നും കഴിക്കുന്നില്ല. പതിവ് പരിശോധനകൾക്കും വാക്സിനേഷനുമായി ഞങ്ങൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട് – റുഷാന പറഞ്ഞു. ജൂലൈ നാലാമത്തെ ഞായറാഴ്ച ആചരിക്കുന്ന രക്ഷാകർതൃ ദിനത്തിലാണ് റുഷാനയും മുദാസിറും തങ്ങളുടെ കുഞ്ഞിന്റെ അതിജീവനത്തിന്റെ കഥ വെളിപ്പെടുത്തിയത്.
റുഷാനയും മുദാസിറും ലത്തീഫ ഹോസ്പിറ്റലിനും അവിടത്തെ ജീവനക്കാർക്കും അവരുടെ അസാധാരണമായ പരിചരണത്തിനും പിന്തുണയ്ക്കും അഗാധമായ നന്ദി രേഖപ്പെടുത്തി. സമാനമായ പ്രശ്‌നങ്ങൾ നേരിടുന്ന രക്ഷിതാക്കളോട് ലത്തീഫ ഹോസ്പിറ്റലിലെ എൻഐസിയു സൗകര്യങ്ങളിൽ കൂടുതൽ വിശ്വാസമർപ്പിക്കാനും ദമ്പതികൾ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ഡാറ്റ അനുസരിച്ച് 22-23 ആഴ്ച പ്രായമുള്ള ഗർഭാവസ്ഥയിൽ ജനിച്ച എല്ലാ കുട്ടികളും പകുതിയിലേറെയും അതിജീവിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.