ദുബായ് പോലീസിന്റെ പേരിൽ ട്രാഫിക് പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഇമെയിൽ പലർക്കും ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരം ഇമെയിലുകൾ വ്യാജമാണെന്നും ഈ തട്ടിപ്പിൽ ഒരു കാരണവശാലും വീഴരുതെന്നും ഇമെയിലുകളിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ദുബായ് പോലീസിന്റെ ലോഗോയോട് കൂടിയാണ് ദുബായ് പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വ്യാജ ഇമെയിൽ തട്ടിപ്പുകാർ ഉണ്ടാക്കി അയക്കുന്നത്.
നിരവധി താമസക്കാരാണ് ഇത്തരത്തിൽ വ്യാജ ഇമെയിൽ ലഭിച്ചതായി പരാതിപ്പെട്ടിട്ടുള്ളത്. ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളും ഇല്ലാത്തവർക്ക് വരെ ഇത്തരത്തിൽ ഇമെയിൽ ലഭിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇ-ക്രൈം ഡിവിഷനിൽ റിപ്പോർട്ട് ചെയ്യാനും ദുബായ് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്