ബഹിരാകാശ നിലയവുമായുള്ള ബന്ധം നാസക്ക് അര മണിക്കൂറോളം നഷ്ടമായി. വൈദ്യുതി തകരാർ മൂലം ഇന്നലെ ചൊവ്വാഴ്ച്ച മിഷൻ കൺട്രോളും അന്താരാഷ്ട്ര ബഹിരാകാശ നിലയവും തമ്മിലുള്ള ആശയവിനിമയം 20 മിനിട്ടോളമാണ് നഷ്ടപ്പെട്ടത്. നാസയുടെ ഹൂസ്റ്റണിലെ ജോണ്‍സന്‍ ബഹിരാകാശ കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി ബന്ധം തടസ്സപ്പെടാന്‍ കാരണമായത്.
സ്റ്റേഷനിലേക്ക് കമാൻഡുകൾ അയയ്ക്കാൻ മിഷൻ കൺട്രോളിന് കഴിഞ്ഞിരുന്നില്ല. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുൾപ്പെടെ ബഹിരാകാശ നിലയത്തിലെ ഏഴ് ബഹിരാകാശയാത്രികർക്ക് ആശയവിനിമയം നടത്താനും സാധിച്ചില്ല. 20 മിനുട്ട് നേരം പ്രശ്നം നിലനിന്നു.
തുടർന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ ചാനലുകൾ വഴിയാണ് ഫ്ലൈറ്റ് കൺട്രോളർമാർക്ക് ബഹിരാകാശയാത്രികരുമായി ബന്ധം സ്ഥാപിക്കാനായത്. 90 മിനിറ്റിന് ശേഷം നാസയുടെ പകരം സംവിധാനം പ്രവര്‍ത്തനം (ബാക്ക്അപ്പ് സംവിധാനം) ഏറ്റെടുത്തു. നാസ ഹ്യൂസ്റ്റണിൽ നിന്ന് മൈലുകൾ അകലെ ഒരു ബാക്കപ്പ് കൺട്രോൾ സൗകര്യം നിർമ്മിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് ബഹിരാകാശ നിലയവുമായി ബന്ധം പുനസ്ഥാപിച്ചത്.
ബഹിരാകാശ നിലയം പ്രവര്‍ത്തനം തുടങ്ങിയിട്ട് ആദ്യമായാണ് ബാക്ക്അപ്പ് സംവിധാനം പ്രവര്‍ത്തനം ഏറ്റടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും നിലയത്തിനോ അതിലുള്ള ബഹിരാകാശ ഗവേഷകര്‍ക്കോ അപകടത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാം മാനേജര്‍ ജോള്‍ മോണ്ടല്‍ബാനോ വ്യക്തമാക്കി. തകരാർ നിലയത്തിന്‌റേതല്ലെന്നും ഭൂമിയിലെ കേന്ദ്രത്തിന്‌റേതെന്നും അദ്ദേഹം വ്യക്തമാക്കി.