ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്നും പാരീസിലേക്ക് പുറപ്പെട്ട AI143 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫിന് പിന്നാലെ, റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡൽഹി എയർ ട്രാഫിക് കൺട്രോൾ അധികൃതർ വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടനെ വിമാനം അടിയന്തരമായി സുരക്ഷിതമായി തിരിച്ചിറക്കിയതായി അധികൃതർ അറിയിച്ചു. വിമാനം ഡൽഹിയിൽ അത്യാവശ്യ സുരക്ഷാ പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ കാലതാമസം കൂടാതെ എല്ലാ യാത്രക്കാരേയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ എയർലൈൻ ഇതര ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
220 യാത്രക്കാരുമായി ഇന്ന് ഉച്ചയോടെയാണ് വിമാനം പാരീസിലേക്ക് പുറപ്പെട്ടത്. വിമാനം റൺവേയിൽ നിന്ന് പുറപ്പെട്ടതിനു പിന്നാലെ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വിമാനം തിരിച്ച് ലാൻഡ് ചെയ്തു.