യുഎഇയിൽ കോർപ്പറേറ്റ് നികുതി ലംഘനങ്ങൾക്ക് ഫെഡറൽ ടാക്സ് അതോറിറ്റി ചുമത്തുന്ന പിഴകൾ വ്യക്തമാക്കുന്ന ക്യാബിനറ്റ് തീരുമാനം യുഎഇ ധനമന്ത്രാലയം ഇന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ജൂണിൽ പ്രാബല്യത്തിൽ വന്ന യുഎഇ കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ ചട്ടങ്ങൾ പാലിക്കാത്ത നികുതി വിധേയരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പിഴ ചുമത്തുന്നതാണ്.
കൃത്യസമയത്ത് കോർപ്പറേറ്റ് നികുതി ഫയൽ ചെയ്യുന്നതിലോ അടയ്ക്കുന്നതിലോ പരാജയപെട്ടാൽ പിഴ ചുമത്തും. കൂടാതെ ഫെഡറൽ ടാക്സ് അതോറിറ്റി സൂക്ഷിച്ചിരിക്കുന്ന തന്റെ നികുതി രേഖയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഭേദഗതി ആവശ്യമായി വന്നേക്കാവുന്ന ഏതെങ്കിലും കേസ് ഫെഡറൽ ടാക്സ് അതോറിറ്റിയെ അറിയിക്കുന്നതിൽ പരാജയപ്പെട്ടാലും പിഴ ചുമത്തും.
രേഖകൾ ശരിയായി സൂക്ഷിക്കുന്നതിലോ ആവശ്യമായ രേഖകളും നികുതി നിയമത്തിൽ വ്യക്തമാക്കിയ മറ്റ് വിവരങ്ങളും നൽകുന്നതിൽ പരാജയപെട്ടാലും പിഴ ചുമത്തിയേക്കാം. ഈ തീരുമാനങ്ങളെല്ലാം ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരും.
യുഎഇയിൽ കോർപ്പറേറ്റ് നികുതി ചട്ടങ്ങൾ പാലിക്കുന്നത് നികുതി വിധേയരായ എല്ലാ വ്യക്തികളുടെയും ഉത്തരവാദിത്തമാണെന്ന് ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു. കോർപ്പറേറ്റ് നികുതി നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://mof.gov.ae/tax-legislation/ എന്ന വെബ്സൈറ്റിലൂടെ അറിയാവുന്നതാണ്.