സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ കണ്ടെത്താൻ പ്രത്യേക പ്രോസിക്യൂഷൻ ഓഫീസുകൾ സ്ഥാപിക്കാനൊരുങ്ങി യുഎഇ.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും സാമ്പത്തിക വളർച്ചയും ഉയർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രോസിക്യൂഷൻ ഓഫീസുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. അറ്റോർണി ജനറൽ നിർദ്ദേശിച്ച ഈ നിർദ്ദേശം ജസ്റ്റിസ് മന്ത്രി അബ്ദുല്ല അൽ നുഐമി അധ്യക്ഷനായ ഫെഡറൽ ജുഡീഷ്യൽ കൗൺസിൽ ഇന്നലെ അംഗീകരിച്ചു.
ഇതുമായി ബന്ധപെട്ട് 2020 മുതൽ യുഎഇ അധികൃതർ 899 കുറ്റവാളികളെ കൈമാറിയിട്ടുണ്ട്, അതിൽ 43 പേർ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. ഇവരിൽ പത്ത് പേർ തീവ്രവാദികളോ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നവരോ ആയിരുന്നു.