ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന പതിനാല് സ്മാർട്ട് പെഡസ്‌ട്രിയൻ ക്രോസിംഗ് സംവിധാനങ്ങൾ ദുബായ് സിലിക്കൺ ഒയാസിസിൽ വന്നു. കാൽനടയാത്രക്കാർ, സൈക്കിൾ യാത്രക്കാർ, മറ്റ് അപകടസാധ്യതയുള്ള റോഡ് ഉപയോക്താക്കൾ എന്നിവരെ കണ്ടെത്തുന്നതിനാണ് ദുബായ് സിലിക്കൺ ഒയാസിസിലെ (DSO) റിയൽ-ടൈം പെർസെപ്ഷൻ ആൻഡ് കണക്റ്റിവിറ്റി AI പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡെർക് വികസിപ്പിച്ച ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനം പെരുമാറ്റ പ്രവചന മാതൃകക്കനുസരിച്ചാണ് പ്രവർത്തിയ്ക്കുന്നത്. കാൽനടയാത്രക്കാർ കടന്നുപോകുന്നത് പ്രതീക്ഷിച്ച് മിന്നുന്ന മുന്നറിയിപ്പ് അടയാളങ്ങൾ, റോഡിലെ മുന്നറിയിപ്പ് ലൈറ്റുകൾ, ട്രാഫിക് സിഗ്നൽ കൺട്രോളറുകൾ എന്നിവപോലും സജീവമാക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. അടുത്തുവരുന്ന വാഹനങ്ങളെയും ഇത് ഫലപ്രദമായി തടയുന്നു.
രണ്ട് വർഷത്തെ വിപുലമായ പരിശോധനക്ക് ശേഷമാണ് ഈ സാങ്കേതികവിദ്യ ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. അൾട്രാ-ഹൈ സ്പീഡും ലോ-ലേറ്റൻസി 5G കണക്ഷനും ഈ സിസ്റ്റത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ, കാൽനട ക്രോസ്‌വാക്കിനെ സമീപിക്കുന്ന കണക്റ്റുചെയ്‌ത വാഹനങ്ങളുമായി സുരക്ഷാ വിവരങ്ങളും അലേർട്ടുകളും ആശയവിനിമയം നടത്തുന്നതിന് 5G ആശയവിനിമയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ഈ സിസ്റ്റത്തിന് കഴിയും.