യുഎഇയിൽ വാപ്പിംഗ് ആസക്തി കുറയ്ക്കാൻ ചികിത്സിച്ചവരിൽ 13 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുമുണ്ടായിരുന്നെന്ന് ദുബായ് ആസ്ഥാനമായുള്ള അമൽ-കൗൺസിലിംഗ് ഫോർ ബെറ്റർ ടുമാറോയുടെ സ്ഥാപകയായ നൈല അൽ മൂസാവി വെളിപ്പെടുത്തിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വീട് വൃത്തിയാക്കുന്നതിനിടെ 15 വയസ്സുള്ള മകന്റെ ബാഗിൽ നിരവധി വാപ്പിംഗുകൾ കണ്ടെടുത്തതായി ഒരു പിതാവ് തങ്ങളെ അറിയിച്ചതായും സെന്റർ അറിയിച്ചു. ഇ-ലിക്വിഡ് അല്ലെങ്കിൽ ഇ-ജ്യൂസ് എന്നറിയപ്പെടുന്ന നിക്കോട്ടിൻ, സുഗന്ധങ്ങൾ, മറ്റ് രാസവസ്തുക്കൾ അടങ്ങിയ ദ്രാവക ലായനി ബാഷ്പീകരിക്കാൻ താപം ഉപയോഗിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണമാണ് ഇ-സിഗരറ്റുകൾ. ഇങ്ങനെ ഇലക്ട്രോണിക് സിഗരറ്റിലൂടെയോ മറ്റ് സമാനമായ ഉപകരണങ്ങളിലൂടെയോ വരുന്ന നീരാവി ശ്വസിക്കുന്നതിനെയാണ് വാപ്പിംഗ് എന്നറിയപ്പെടുന്നത്.
കാലക്രമേണ സംഭവിച്ച വാപ്പിംഗിന്റെ സാധാരണവൽക്കരണം നിരവധി കൗമാരക്കാരെയും യുവാക്കളെയും ദോഷകരമായസ്ഥിതിയിലേക്ക് എത്തിച്ചതായും കണ്ടെത്തി. സോഷ്യൽ മീഡിയയിൽ നിന്നുള്ള സ്വാധീനവും ഇതിന് കാരണമായിട്ടുണ്ട്.
കുട്ടികളിൽ വാപ്പിംഗിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളിൽ നിന്ന് ധാരാളം കോളുകൾ ലഭിക്കുന്നതിനാൽ തങ്ങൾ സ്കൂളുകളുമായി വളരെ അടുത്ത് പ്രവർത്തിച്ച് കൗമാരക്കാർക്കിടയിൽ വാപ്പിംഗ് ഗണ്യമായി വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്നും നിലവിൽ കൗമാരക്കാരെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ട് വ്യത്യസ്തമായ സംഭാഷണങ്ങൾ തയ്യാറാക്കുകയാണെന്നും സേജ് ക്ലിനിക്കിലെ ചൈൽഡ് ആൻഡ് അഡോളസെന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ വഫ സൗദ് പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.