അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും 2023 ഓഗസ്റ്റ് 31-ന് മുമ്പ് ഭൂമിയിലേക്ക് തിരിക്കാനൊരുങ്ങുന്നതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ സുൽത്താൻ അൽമാരി പറഞ്ഞു. ഇന്ന് വെള്ളിയാഴ്ച ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അൽമാരി ഇക്കാര്യം അറിയിച്ചത്. സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തിന് വീരോചിതമായ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് യുഎഇ.
ദൗത്യം പൂർത്തിയാക്കുന്ന കൃത്യമായ അവസാന തീയതി നാസ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അൽമാരി പറഞ്ഞു. ക്രൂ 6 ആഗസ്റ്റ് 24 മുതൽ ഓഗസ്റ്റ് 27 വരെ ലോഞ്ച് ചെയ്യാനാണ് പദ്ധതിയിടുന്നത്. മടങ്ങിയെത്തുന്നതിന് 7 മുതൽ പത്ത് ദിവസം വരെയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ, ആഘോഷങ്ങൾ, റോഡ്‌ഷോകൾ എന്നിവയുൾപ്പെടെ ഡോ അൽ നെയാദിയെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും അൽ മാരി പറഞ്ഞു.
കഴിഞ്ഞ 2023 മാർച്ച് 3 നാണ് ക്രൂ 6 ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം സ്വന്തമാക്കിയാണ് സുൽത്താൻ അൽ നെയാദി എത്തുന്നത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നും അദ്ദേഹം ചരിത്ര ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പ്രവൃത്തിയും പുതിയ സൗരോർജ പാനൽ സ്ഥാപിക്കലും അദ്ദേഹം നടത്തത്തിന് ഇടയിൽ പൂർത്തിയാക്കി.
ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് അതിമനോഹര ചിത്രങ്ങളാണ് ഓരോ ദിവസവും സുൽത്താൻ ഭൂമിയിലേക്ക് പങ്കുവെച്ചത്. യുഎഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാർഥികളുമായും അദ്ദേഹം ബഹിരാകാശത്ത് നിന്നും സംസാരിച്ചു. പല തരത്തിലുള്ള ആശയ വിനിമയം അദ്ദേഹം അവിടെ നിന്നും നടത്തിയിരുന്നു.