അബുദാബി ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം 2023-ലെ ആദ്യ ആറ് മാസങ്ങളിൽ 67 ശതമാനം ഉയർന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം 10.2 മില്യൺ യാത്രക്കാർ വിമാനത്താവളം ഉപയോഗിച്ചു, കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 6.2 മില്യണിൽ നിന്ന് വർധിച്ചുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റർ അബുദാബി എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു.
അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്രചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്കാണ്. ഏറ്റവും കൂടുതൽ പേർ പറക്കുന്നത് മുംബൈയിലേക്കാണ്. ഈ പട്ടികയിൽ ഡൽഹി മൂന്നാം സ്ഥാനത്തും, കൊച്ചി നാലാം സ്ഥാനത്തുമാണ്. ഒരു കോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ ആറുമാസത്തിനിടെ അബുദാബിവിമാനത്താവളം വഴി യാത്ര ചെയ്തത്.
കഴിഞ്ഞ ആറുമാസത്തിനിടെ മുംബൈയിലേക്ക് 4,61,081 പേർ അബുദാബിയിൽ നിന്ന് പറന്നപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലണ്ടനിലേക്ക് പറന്നത് 3,74,017 യാത്രക്കാരാണ്. മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിലേക്ക് 3,31,722 പേരും നാലാം സ്ഥാനത്തുള്ള കൊച്ചിയിലേക്ക് 3,16,460 പേരും യാത്രചെയ്തിട്ടുണ്ട്.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥാനം ഈ മേഖലയിലെ ഇഷ്ടപ്പെട്ട വിമാനത്താവളമെന്ന നിലയിൽ ശക്തിപ്പെടുത്തിക്കൊണ്ട് ആക്കം കൂട്ടുക എന്നതാണ് ലക്ഷ്യമെന്നും അബുദാബി എയർപോർട്ട്സ് ഓപ്പറേറ്റർ പറഞ്ഞു.