യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റുമുള്ള സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി ഇന്ന് ശനിയാഴ്ച എല്ലാ പൊതു പാർക്കുകളും താൽക്കാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥ മാറിയാൽ പാർക്കുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.
നിർമ്മാണ സ്ഥലങ്ങളിൽ തൊഴിലാളികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും എഞ്ചിനീയറിംഗ് കോൺട്രാക്ടർമാരോടും കൺസൾട്ടന്റുകളോടും ഷാർജ മുൻസിപാലിറ്റി അഭ്യർത്ഥിച്ചു.
വാഹനമോടിക്കുന്നവർ സുരക്ഷിതമായ അകലം പാലിക്കുക, വേഗത കുറയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങളിൽ, താമസക്കാരോട് 993 എന്ന നമ്പറിൽ വിളിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.