അയൽ രാജ്യങ്ങളിലെ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഉപയോഗിച്ച് സ്വദേശികളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഭിക്ഷാടനം നടത്തിയ അഞ്ച് ഏഷ്യൻ പ്രവാസികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വാഹനങ്ങളിൽ അയൽരാജ്യത്തിന്റെ നമ്പർ പ്ലേറ്റ് സ്ഥാപിക്കുകയും സ്വദേശീയരെന്ന് പറഞ്ഞുകൊണ്ട് ഭിക്ഷ യാചിക്കാനായി മറ്റ് പൗരന്മാരെ ലക്ഷ്യമിടുകയായിരുന്നു.
ഇവർ സഹതാപം ഉണർത്താൻ സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഇവർ ഉപയോഗിച്ചിരുന്ന അയൽരാജ്യത്തിന്റെ നമ്പർ പ്ലേറ്റ് സ്ഥാപിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഇവർ കെട്ടിച്ചമച്ച കഥകളുമായി പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, കടകൾ, റോഡുകൾ എന്നിവയ്ക്ക് സമീപമുള്ള ആളുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജല്ലാഫ് പറഞ്ഞു
ഇത്തരം ഭിക്ഷാടകരുടെ അപേക്ഷകളോട് പ്രതികരിക്കുകയോ അവരോട് ഇടപെടുകയോ ചെയ്യാതിരിക്കേണ്ടതിന്റെ പ്രാധാന്യം ദുബായ് പോലീസ് ഊന്നിപ്പറഞ്ഞു. ഭിക്ഷാടകർ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 901 എന്ന നമ്പറിലോ പോലീസ് ആപ്പിലോ അറിയിക്കണമെന്നും പോലീസ് പറഞ്ഞു.