ഫുജൈറയിൽ കപ്പലുകളുടെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെ തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32) കാണാതായി. പത്ത് വർഷത്തിലധികമായി ഡൈവിംഗിൽ അനുഭവസമ്പത്തുള്ള അനിൽ സെബാസ്റ്റ്യൻ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളാണ്. ഭാര്യ ടെസിയോടും 4 വയസ്സുകാരി കുഞ്ഞിനുമൊപ്പം ഫുജൈറയിൽ ആയിരുന്നു അനിൽ താമസിച്ചിരുന്നത്.
കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളിൽ കയറി വൃത്തിയാക്കുന്ന അതിസാഹസിക ജോലിയിൽ സൂപ്പർവൈസറായിരുന്നു അനിൽ. കഴിഞ്ഞ ദിവസമാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. എന്നാൽ നിശ്ചിത സമയത്തിനു ശേഷവും അനിൽ മുകളിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിൽ കപ്പൽ അധികൃതർ ഫുജൈറ പോലീസിന്റെ സഹായം തേടുകയായിരുന്നു.
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അനിലിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടർ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗ്ഗമായിട്ടുള്ളത്. ഒപ്പം ജോലിക്കുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായത് കൊണ്ടാണ് അനിൽ തന്നെ ജോലി ഏറ്റെടുത്തു ചെയ്തതെന്നാണ് വിവരം. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. കപ്പലിന്റെ അടിത്തട്ടിൽ എവിടെയെങ്കിലും ശരീരം കുടുങ്ങുക, വല പോലെയുള്ള ഏതെങ്കിലും വസ്തുവിൽ പെട്ടുപോവുക, ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള ഏതെങ്കിലും യന്ത്രത്തിൽ കുടുങ്ങുക എന്നിവയാണ് അനിലിനെ കാണാതായതിന് പിന്നിൽ ആശങ്കപ്പെടുത്തുന്നത്.
പോലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് തിരിച്ചിൽ നടത്തി വരികയാണ്.
കടപ്പാട് : manoramaonline.com