വിസ സേവനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്സോഴ്സ് കോൺസുലാർ സേവനങ്ങൾ നവീകരിക്കാൻ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ തീരുമാനിച്ചതിനാൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് 2024 മുതൽ പുതിയ, ഏകീകൃത കേന്ദ്രത്തിന്റെ ശാഖകളിൽ നിന്ന് പാസ്പോർട്ടും അറ്റസ്റ്റേഷൻ സേവനങ്ങളും ലഭിച്ചേക്കും. ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതനുസരിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി, സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനും പ്രധാന സ്ഥലങ്ങളിൽ വേഗത്തിലുള്ളതും സുതാര്യവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സേവന ദാതാക്കളിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യൻ എംബസിയിലും ഇന്ത്യൻ കോൺസുലേറ്റിലും കോൺസുലാർ-പാസ്പോർട്ട്-വിസ (CPV) സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) എന്നിവയുടെ ഔട്ട്സോഴ്സിംഗ് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിൽ രണ്ട് വ്യത്യസ്ത സേവന ദാതാക്കളാണ് യുഎഇയിൽ ദൗത്യങ്ങൾക്കായി ഔട്ട്സോഴ്സ് സേവനങ്ങൾ നൽകുന്നത്. പാസ്പോർട്ട്, വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനായി BLS ഇന്റർനാഷണലും, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി IVS ഗ്ലോബലും ആണുള്ളത്. ചില സേവനങ്ങൾ മിഷനുകളിലും കൈകാര്യം ചെയ്യുന്നുണ്ട്.
പാസ്പോർട്ടിനും അറ്റസ്റ്റേഷൻ സേവനങ്ങൾക്കുമായി വരാൻ പോകുന്ന ലൊക്കേഷനുകൾ നല്ല ബന്ധമുള്ള പ്രദേശങ്ങളിലും അപേക്ഷകർക്ക് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടും കൂടിയതായിരിക്കുമെന്ന് RFP പറയുന്നു. എംബസി താഴെ പറയുന്ന ലൊക്കേഷനുകളിലാണ് കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
അബുദാബിയിൽ അൽ ഖാലിദിയ,അൽ റീം,മുസഫ, അൽ ഐൻ, ഗ്യാത്ത് (Ghyath) എന്നിവിടങ്ങളിലും, ദുബായിൽ കരാമ/ഊദ് മേത്ത,മറീന, അൽ ഖൂസ്/അൽ ബർഷ,ദേര, അൽ ഖുസൈസ് എന്നിവിടങ്ങളിലും, ഷാർജയിൽ അബു ഷഗറ,റോള, ഖോർഫക്കാൻ എന്നിവിടങ്ങളിലും കൂടാതെ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ വീതമുണ്ടാകും.