കുട്ടികൾ ബാൽക്കണിയിൽ നിന്നും വീഴുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശം നൽകാനും ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഷാർജയിലെ താമസ കെട്ടിടങ്ങളിലേക്ക് ഫീൽഡ് സന്ദർശനങ്ങൾ ആരംഭിച്ചു.
ഷാർജ സിവിൽ ഡിഫൻസ്, ഷാർജ പൊലീസ്, ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി, ഷാർജ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ‘അവരുടെ സുരക്ഷ ആദ്യം’ എന്ന വേനൽക്കാല കാമ്പെയ്‌നിന്റെ ഭാഗമായാണ് ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റിന്റെ ഈ സംരംഭം.
മാതാപിതാക്കളുടെ അവബോധം വർദ്ധിപ്പിക്കുന്നതിനും വീടുകളിൽ അവശ്യ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സംരംഭത്തിൽ, എലിവേറ്ററുകളിലും ലോബികളിലും ഇതുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററുകൾ സ്ഥാപിക്കും. കൂടാതെ ഉയരത്തിൽ നിന്ന് വീഴുന്നതിന്റെ അപകടങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളെ ബോധവൽക്കരിക്കുകയും ചെയ്യും.
വർഷങ്ങളായി കൂടുതലും കുട്ടികൾ ബാൽക്കണിയിൽ നിന്നും വീഴുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കുകയോ വേണ്ട പോലെ നോക്കാതിരിക്കുകയോ ചെയ്യുന്നതാണ് ബാൽക്കണിയിൽ നിന്നും വീഴുന്ന മിക്ക കേസുകളുടെയും കാരണമായി അധികൃതർ കണ്ടെത്തിയിട്ടുള്ളത്.