റോഡപകടങ്ങൾ തടയുന്നതിനും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി റോഡിലെ തടസ്സങ്ങൾ നീക്കിയ വഖാസ് സർവാർ എന്ന പാക്കിസ്ഥാനി ഡെലിവറി റൈഡറെ യുഎഇ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം ആദരിച്ചു.
ഫുഡ് ഡെലിവറി റൈഡറായ വഖാസ് തന്റെ ബൈക്ക് റോഡരികിൽ നിർത്തി, റോഡിൽ തടസ്സമായി കിടന്നിരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്യുകയായിരുന്നു. ഈ പ്രവൃത്തി ചെയ്യുന്നത് കാഴ്ചക്കാരിലാരോ മൊബൈലിൽ പകർത്തിയിരുന്നു. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വഖാസിനെ ആദരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
എന്നാൽ ഈ കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്തപ്പോൾ ആരോ വീഡിയോ എടുത്ത കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും ആ വീഡിയോയുടെ അപ്രതീക്ഷിത ജനപ്രീതി എന്നെ അത്ഭുതപ്പെടുത്തിയെന്നും അംഗീകാരവും ബഹുമാനവും ലഭിച്ചതിൽ ഞാൻ അതിയായ സന്തോഷത്തിലാണെന്നും വഖാസ് പറഞ്ഞു.
വഖാസ് സർവാർ റോഡിലെ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഞങ്ങൾ കണ്ടു, നന്ദി സൂചകമായി, അദ്ദേഹത്തെ ഓഫീസിൽ സ്വീകരിച്ച് ആദരിച്ചതായും മിസ്റ്റർ സർവാറിനെപ്പോലുള്ള ആളുകളെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഈ നല്ല പ്രവൃത്തികൾ ഒരിക്കലും മറക്കില്ലെന്നും ഹ്യൂമൻ റിസോഴ്‌സ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു.