അബുദാബിയിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഹോട്ടലുകളും ഉപഭോക്താക്കളും അടക്കുന്ന സർക്കാർ ഫീസ് സെപ്റ്റംബർ 1 മുതൽ കുറയ്ക്കുമെന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
ഇതനുസരിച്ച് ഗവൺമെന്റ് ഫീസ് ഭേദഗതികളിൽ അതിഥികൾക്ക് നൽകുന്ന ടൂറിസം ഫീസ് ആറ് ശതമാനത്തിൽ നിന്ന് നാല് ശതമാനമായി കുറയ്ക്കും. ഒരു മുറിക്ക് ഒരു രാത്രിക്ക് 15 ദിർഹം എന്ന മുനിസിപ്പാലിറ്റി ഫീസും ഒഴിവാക്കും
ഹോട്ടൽ റെസ്റ്റോറന്റുകൾക്ക് ബാധകമാക്കിയ ആറ് ശതമാനം ടൂറിസം ഫീസും നാല് ശതമാനം മുനിസിപ്പാലിറ്റി ഫീസും എടുത്തുകളഞ്ഞു. എന്നാൽ ഉപഭോക്താവിന് നൽകുന്ന ഇൻവോയ്‌സിന്റെ മൂല്യത്തിന്റെ നാല് ശതമാനത്തിന് മുനിസിപ്പാലിറ്റി ഫീസ് തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
അബുദാബി എക്‌സിക്യുട്ടീവ് കൗൺസിലിന്റെ നിർദേശപ്രകാരം അബുദാബിയെ ആഗോള വിനോദ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.