കുവൈറ്റില്‍ നിന്നെത്തിയ ഇന്ത്യന്‍ കുടുംബത്തിന്റെ വാഹനം സൗദിയിലെ റിയാദിനടുത്ത് അപകടത്തില്‍ പെട്ട് നാലു പേര് മരിച്ചു. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (2), മുഹമ്മദ് ഈഹാന്‍ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഇവര്‍ ഏത് സംസ്ഥാനക്കാരാണ് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കുവൈത്ത് ഇഖാമയുള്ള ഗൗസ് ദാന്തുവും കുടുംബവും സൗദിയില്‍ ടൂറിസ്റ്റ് വിസയിലെത്തിയതായിരുന്നു. ഇന്നലെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ആറു മണിക്ക് റിയാദിനടുത്ത് തുമാമയില്‍ ഹഫ്ന തുവൈഖ് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന് ഓടിച്ചിരുന്ന ട്രെയ്ലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കാറിന് തീപ്പിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹങ്ങളും രേഖകളും കത്തിയിട്ടുണ്ട്.