യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ചരിത്രപരമായ ആറ് മാസത്തെ ബഹിരാകാശ ദൗത്യം ഈ ആഴ്ച അവസാനിക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ തത്സമയ കോളുകൾ ആയിരക്കണക്കിന് യുവാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. അൽ നെയാദിയും അദ്ദേഹത്തിന്റെ അമേരിക്കൻ, റഷ്യൻ സഹപ്രവർത്തകരും സെപ്റ്റംബർ ഒന്നിനാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. 24 മണിക്കൂർ യാത്രയിലൂടെ SpaceX ഡ്രാഗൺ ക്യാപ്സ്യൂളിൽ ഫ്ലോറിഡ തീരത്താണ് സംഘം എത്തിച്ചേരുക.
ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം സ്വന്തമാക്കിയാണ് സുൽത്താൻ അൽ നെയാദി എത്തുന്നത്. കഴിഞ്ഞ 2023 മാർച്ച് 3നാണ് അദ്ദേഹം ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നും അദ്ദേഹം ചരിത്ര ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട് .
ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പ്രവൃത്തിയും പുതിയ സൗരോർജ പാനൽ സ്ഥാപിക്കലും അദ്ദേഹം നടത്തത്തിന് ഇടയിൽ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് അതിമനോഹര ചിത്രങ്ങളാണ് ഓരോ ദിവസവും സുൽത്താൻ ഭൂമിയിലേക്ക് പങ്കുവെച്ചത്. യുഎഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാർഥികളുമായും അദ്ദേഹം ബഹിരാകാശത്ത് നിന്നും സംസാരിച്ചു. പല തരത്തിലുള്ള ആശയ വിനിമയം അദ്ദേഹം അവിടെ നിന്നും നടത്തി.