യുഎഇയിൽ ഉച്ചവിശ്രമനിയമവുമായി ബന്ധപ്പെട്ട് വീണ്ടും 59 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഈ നിയമലംഘനങ്ങൾ യുഎഇയിലുടനീളമുള്ള 130 തൊഴിലാളികളെ ബാധിച്ചതായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കുന്ന ഈ ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15 വരെ പ്രാബല്യത്തിൽ തുടരും.
താപനില ഉയരുമ്പോൾ തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 നും 3 മണിക്കും ഇടയിൽ ഉച്ചവിശ്രമം നൽകുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു.
ജൂൺ 15 മുതൽ ഓഗസ്റ്റ് 17 വരെ 67,000-ത്തിലധികം പരിശോധനകളും തൊഴിലുടമകൾക്ക് മാർഗനിർദേശം നൽകുന്നതിനായി 28,000-ത്തിലധികം സന്ദർശനങ്ങളും മന്ത്രാലയം നടത്തിയതായി ഉദ്യോഗസ്ഥർ ഇന്ന് ചൊവ്വാഴ്ച പറഞ്ഞു.നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5,000 ദിർഹം മുതൽ പരമാവധി 50,000 ദിർഹം വരെ പിഴ എത്തും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും എല്ലാ വ്യവസ്ഥകളും പാലിക്കുന്നതിനുമായി മന്ത്രാലയം സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമാണ് ഈ ഉച്ചവിശ്രമനിയമം.