യുഎഇയിൽ പഠന പരാജയത്തെ തുടർന്ന് ഒരു വിദ്യാർത്ഥി മരിച്ചെന്ന അഭ്യൂഹങ്ങൾ എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് (ESE) നിഷേധിച്ചു.
ഇന്ന് ബുധനാഴ്ചയാണ് ഒരു വിദ്യാർത്ഥിനിയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് ഒരു പ്രസ്താവന ഇറക്കിയത്.
അക്കാദമിക് പരാജയം മൂലമോ ഒരു അധ്യയന വർഷവുമായി ബന്ധപ്പെട്ടോ ഒരു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചതായി ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അവകാശവാദങ്ങൾക്ക് വിരുദ്ധമായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിദ്യാർത്ഥിയുടെ പേര് ESEയുടെ അഫിലിയേറ്റഡ് സ്കൂളുകളുടെ രേഖകളിൽ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. “ഇത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കെട്ടിച്ചമച്ചതാണ്, ഇതിന് വസ്തുതാപരമായ അടിസ്ഥാനമില്ല” ഈ വിവരം ശരിയല്ലെന്നും അതോറിറ്റി അറിയിച്ചു.
രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പരിശോധിക്കണമെന്നും ESE പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.