ചന്ദ്രയാൻ 3 ന്റെ പര്യവേക്ഷണം സെപ്തംബർ 3 ഞായറാഴ്ചയോടെ അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിട്ട് ചാന്ദ്രോപരിതലത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ പകൽ സമയം അവസാനിക്കുന്നതോടെ നിലയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ചയോടെ ചന്ദ്രനില്‍ പകൽ അവസാനിക്കും, ഇരുട്ട് മൂടും. ഇതോടെ വിക്രം ലാന്‍ഡറിലെ രംഭ, ചസ്തേ,ഇല്‍സ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ടു സ്പെക്ട്രോ സ്കോപ്പുകളുടേയും പ്രവർത്തനം നിലയ്ക്കുമെങ്കിലും വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള റിട്രോ റിഫ്ലക്ടര്‍ അറേ പ്രവർത്തനം തുടരും. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനും ലാന്‍ഡറും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഓര്‍ബിറ്ററും തമ്മില്‍ അകലം കൃത്യമായി നിരീക്ഷിക്കാനുമാണ് ഈ ഉപകരണം. പ്രവർത്തനം നിലച്ച ഉപകരണങ്ങൾ സൂര്യൻ വീണ്ടും ഉദിക്കുമ്പോൾ മടങ്ങിവരാനുള്ള സാധ്യതയും ഐഎസ്ആർഒ ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.
വീണ്ടും പകല്‍ വരുന്നതോടെ ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തിക്കുമോയെന്ന് ഐഎസ്ആർഒ പരിശോധിക്കും. ഇക്കാര്യം സെപ്റ്റംബർ 16 നോ 17 നോ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 14 നായിരുന്നു ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്ത് 23 ന് ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തു.
ചന്ദ്രയാൻ 3 കണ്ടെത്തിയ ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ ,മഗ്നീഷ്യം, സിലിക്കണ്‍ ,ഓക്സിജന്‍ തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യവും ചന്ദ്രനിലെ പ്രകമ്പനങ്ങള്‍, ചന്ദ്രോപരിതലത്തിന്റെ രാസഘടന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ആർഒ ഇതിനകം പുറത്തുവിട്ടിരിന്നു.