സ്വകാര്യമേഖലയിലെയും ഫ്രീ സോണുകളിലെയും ജീവനക്കാർക്ക് എൻഡ്-ഓഫ്-സർവീസ് ആനുകൂല്യ സംവിധാനം യുഎഇയിൽ പ്രഖ്യാപിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് സർവീസ് കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് സർവിസ് ആനുകൂല്യം ഉറപ്പുവരുത്താൻ സ്വകാര്യ മേഖലയിലെ കമ്പനികൾ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾക്ക് രൂപം നൽകണം. തൊഴിലാളികളുടെ സമ്പാദ്യം സംരക്ഷിക്കുകയും അവർ സുരക്ഷിതമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
എന്നാൽ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പദ്ധതിയിൽ അംഗമാകണോ എന്നത് സ്ഥാപനങ്ങൾക്ക് സ്വയം നിലക്ക് തീരുമാനിക്കാവുന്നതാണ്.