ഒരു മാസം മുമ്പ് നഷ്ടപ്പെട്ട തന്റെ വാച്ച് കണ്ടെത്തിയതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ അഭിനന്ദിച്ച് ഇന്ത്യന്‍ എയര്‍ലൈനിലെ കൊമേഴ്‌സ്യല്‍ പൈലറ്റായ ഹന മൊഹ്സിൻ ഖാൻ
തന്റെ വാച്ച് നഷ്ടപ്പെട്ടതായി ഇ-മെയിലിലൂടെ അറിയിച്ചപ്പോള്‍ ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ അന്വേഷണം നടത്തി വീണ്ടെടുക്കുകയായിരുന്നുവെന്നും ആദ്യമായാണ് നഷ്ടപ്പെട്ട ഒരു വസ്തു തിരികെ ലഭിക്കുന്നതെന്നും ഹന മൊഹ്സിൻ ഖാൻ പറഞ്ഞു.
വാച്ച് തിരികെ ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഹന ദുബായില്‍ എല്ലാം സുരക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പറത്താനെത്തിയപ്പോഴാണ് തന്റെ വാച്ച് ശേഖരത്തിലെ പ്രിയപ്പെട്ട ഒന്ന് നഷ്ടമായതെന്ന് മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്‌സില്‍ ഹന കുറിച്ചു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് വാച്ച് അഴിച്ചുമാറ്റിയത്. സ്‌കാനറിലെ പരിശോധനയ്ക്ക് ശേഷം വാച്ച് തിരിച്ചെടുക്കാന്‍ മറന്നു. പിന്നീട് നേരെ പോയത് ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ്.
വിമാനത്തിലെത്തിയപ്പോഴാണ് വാച്ച് എടുക്കാന്‍ മറന്നതായി ശ്രദ്ധയില്‍പെട്ടത്. തിരികെ ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ തന്റെ വിലയേറിയ വാച്ച് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി. തിരികെ ലഭിക്കുമെന്ന പ്രതീക്ഷ കുറവായിരുന്നുവെങ്കിലും വാച്ച് ശേഖരണത്തില്‍ അതീവ തത്പരയായ ഹന ഗ്രൗണ്ട് സ്റ്റാഫിനെ ബന്ധപ്പെട്ടു. ഇവരുടെ സഹായത്തോടെ ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന് മൂന്ന് ഇ-മെയിലുകള്‍ അയക്കുകയായിരുന്നു.