ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് മുന്നിലുണ്ടായിരുന്നത് ‘ഭാരത്’ ബോര്‍ഡ്. രാജ്യത്തിന്റെ പേരിന്റെ സ്ഥാനത്ത് നിന്ന് ‘ഇന്ത്യ’ ഒഴിവാക്കിയാണ് പുതിയ നീക്കം. ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണ് ഈ നടപടി.
ഭാരതത്തിന്റെ രാഷ്ട്രതലവൻ എന്നാണ് മോദിയെ ബോർഡിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ജി20 ഉച്ചക്കോടിക്ക് മുമ്പ് പ്രസിഡന്റ് ദ്രൗപതി മുർമ്മുവിന്റെ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലും ഭാരത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്ഷണക്കത്തിൽ ’പ്രസിഡന്റ് ഓഫ് ഭാരത്’ എന്നായിരുന്നു മുർമ്മുവിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ജി20 ഉച്ചകോടി വേദിയിലും ഭാരത് പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.