എക്കോ ടൂറിസവും പാരിസ്ഥിതിക സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക ഇടപെടലുകൾ നടത്തുന്ന അൽ ഐൻ മൃഗശാലയിലെ സന്ദർശകരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുന്നതായി അധികൃതർ പറഞ്ഞു. 2010 ലാണ് അൽ ഐൻ മൃഗശാല ആരംഭിച്ചത്. എന്നാൽ ഈ 2023 ൽ സന്ദർശകരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുമ്പോൾ ഒരു കോടി തികയ്ക്കുന്ന സന്ദർശകന് ഗംഭീര വരവേൽപ്പാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ആ ഭാഗ്യശാലിക്ക് മൃഗശാലയിൽ സൗജന്യ വാർഷിക അംഗത്വവും നൽകും.
വന്യജീവി സംരക്ഷണത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുമായുള്ള പദ്ധതികൾക്കും സംഭാവനകൾ നൽകുന്ന സന്ദർശകരെ മൃഗശാല ആദരിക്കാറുണ്ട്. മേഖലയിലെ മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രമായി മൃഗശാലയെ മാറ്റുന്നതിന് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് സൂ ആൻഡ് അക്വേറിയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ ഘാനിം മുബാറക് അൽ ഹജറി പറഞ്ഞു.
മൃഗശാലയിലേക്കും അതിന്റെ എല്ലാ സൗകര്യങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്ന, ഒരു വർഷത്തേക്ക് ഒന്നിലധികം അനുഭവങ്ങളും സേവനങ്ങളും വൈവിധ്യമാർന്ന സാഹസികതകളും ആസ്വദിക്കാൻ അവരെ പ്രാപ്തരാക്കുന്ന ഒരു കോടി തികക്കുന്ന സന്ദർശകന് സൗജന്യ വാർഷിക അംഗത്വം നൽകും.