പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. അതോടൊപ്പം ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ യുണ്ടാകുക. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.
പുതുപ്പള്ളി ഉപതരെഞ്ഞെടുപ്പ് മൂലം നിർത്തിവെച്ച സമ്മേളനമാണ് ഇനി നാലു ദിവസം കൂടി ചേരുക. പുതുപ്പള്ളിയിലെ മിന്നും ജയത്തിൻറെ ആത്മവിശ്വാസത്തോടെയാണ് പ്രതിപക്ഷം ഭരണപക്ഷത്തെ നേരിടാൻ സഭയിലേക്കെത്തുന്നത്.
ഉമ്മൻചാണ്ടിയോടുളള സ്നേഹത്തോടൊപ്പം സർക്കാറിനെതിരായ വിധിയെഴുത്തായാണ് പ്രതിപക്ഷം ഫലത്തെ കാണുന്നത്. ഇതുവരെ ഫലത്തെ കുറിച്ച് മിണ്ടാത്തത് അടക്കം ഉന്നയിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷ നീക്കം. സോളാർ ലൈംഗിക പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട് ആദ്യ ദിനം തന്നെ പ്രതിപക്ഷം ആയുധമാക്കും.