യുഎഇയിൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുമായി ദേശീയ റോഡുകളിലൂടെ ഓടാൻ കഴിയുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ പരമാവധി ഭാരം 65 ടൺ ആയി സജ്ജീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 4 ന് പ്രഖ്യാപിച്ച ഈ പുതിയ ഫെഡറൽ നിയമം ഈ വർഷം 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഹെവി വാഹന ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. അതായത് 2024 ഫെബ്രുവരി 1 മുതൽ 65 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ റോഡിലിറങ്ങിയാൽ മാത്രമാണ് പിഴ ഈടാക്കിത്തുടങ്ങുക.
രാജ്യത്തുടനീളമുള്ള നിലവിലെ ട്രക്ക് ലോഡിന്റെ 28 ശതമാനവും 65 ടണ്ണിൽ കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 2023 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള നാല് മാസത്തെ ഗ്രേസ് പിരീഡ് ഗതാഗത കമ്പനികൾക്കിടയിൽ നിയമത്തെ കുറിച്ച് അവബോധം വളർത്തുന്നതിന് ഉപയോഗിക്കും. ഈ നാല് മാസ ഗ്രേസ് പിരീഡിനുള്ളിൽ ഹെവി വാഹനങ്ങളെ നിരീക്ഷിക്കാനായി ഉയർന്ന റെസല്യൂഷൻ നിരീക്ഷണ ക്യാമറകളുള്ള സ്മാർട്ട് ഗേറ്റുകളും സ്ഥാപിക്കും
യുഎഇയിലെ ഇൻഫ്രാസ്ട്രക്ചർ, ഗതാഗതം, ലോജിസ്റ്റിക് മേഖലകൾ മെച്ചപ്പെടുത്തുന്നതിനാണ് നിയമം ലക്ഷ്യമിടുന്നതെന്ന് ഇന്ന് ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
അതിർത്തി കടക്കുന്ന ട്രക്കുകൾ ഉൾപ്പെടെ 150,000 ഭാരവാഹനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് മന്ത്രി പറഞ്ഞു. സെക്യൂരിറ്റി, മിലിട്ടറി, പോലീസ്, സിവിൽ ഡിഫൻസ് അധികൃതരുടെ ഉടമസ്ഥതയിലുള്ള ഹെവി വാഹനങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.