അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) 6 മാസം ചെലവഴിച്ച ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയും യുഎഇ പൗരനുമായ സുല്‍ത്താന്‍ അല്‍നെയാദി അടുത്തയാഴ്ച രാജ്യത്ത് തിരിച്ചെത്തും. ഏതാനും ദിവസം മുമ്പ് ഭൂമിയില്‍ തിരിച്ചെത്തിയ അല്‍നെയാദി സെപ്റ്റംബര്‍ 18ന് യുഎഇയിലെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അല്‍നെയാദി സെപ്റ്റംബര്‍ നാലിനാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലാണ് വന്നിറങ്ങിയത്. നാസയിലെ ആറംഗ സംഘത്തോടൊപ്പം 2023 മാര്‍ച്ച് രണ്ടിനായിരുന്നു ഇവിടെ നിന്ന് പുറപ്പെട്ടത്. ആറ് മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചു.
ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്, ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്തു വസിച്ച അറബ് വംശജന് എന്നീ റെക്കോഡുകള്‍ കുറിച്ചാണ് അല്‍നെയാദി സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ എന്ന പേടകത്തില്‍ ഭൂമിയില്‍ തിരിച്ചിറങ്ങിയത്.