മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഒരു സ്വകാര്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ടുപേരേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേതുടർന്ന് രണ്ട് വിസ്താര വിമാനവും ഒരു ആകാശ എയർലൈൻസ് വിമാനവും ബാംഗ്ലൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ദുബായിൽ നിന്ന് വരികയായിരുന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. കൂടാതെ, ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനവും (DED-BOM) ഗോവ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള വിഎസ്ആർ വെഞ്ചേഴ്സ് ലിയർജെറ്റ് 45 (VSR Ventures Learjet 45 aircraft ) ആണ് മുംബൈയിൽ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. മുംബൈ വിമാനത്താവളത്തിലെ റൺവേ 27 താത്കാലികമായി അടച്ചതായും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.