നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങളിൽ പഠനത്തിനായാണ് എത്തുന്നത്. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യർഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ്പാ കൺട്രോൾ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ട് കോളുകളാണ് വന്നതെന്നും കോർഡിനേറ്റർ അറിയിച്ചു.
അതേസമയം കേരളത്തിൽ നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതു കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും പൂനെ എന്‍.ഐ.വിയുടെയും മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കും.
നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുള്ള കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് ഇന്നലെ മാറ്റിയെന്നത് ഏറെ ആശ്വാസം നൽകുന്നതാണ്. ഇന്നലെ കുഞ്ഞിന്റെ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ വിവരങ്ങളറിയാന്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ കുഞ്ഞിന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരമാണ്. അതോടൊപ്പം ഇന്ന് പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
https://www.facebook.com/veenageorgeofficial/posts/861021258722322?ref=embed_post