അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, ആറ് മാസം നീണ്ട ഗവേഷണ ജീവിതം വിജയകരമായി പൂര്‍ത്തീകരിച്ച് ഇന്ന് 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച്ച നാട്ടിലെത്തുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ സ്വാഗതം ചെയ്യാൻ യുഎഇയുടെ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.
ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യവും ഒരു അറബിയുടെ ആദ്യ ബഹിരാകാശ നടത്തവും പൂർത്തിയാക്കി നാട്ടിലെത്തുന്ന ‘ബഹിരാകാശ സുൽത്താനെ’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാകും യുഎഇയുടെ തലസ്ഥാനം സ്വാഗതം ചെയ്യുക.
അദ്ദേഹത്തിന്റെ സ്വന്തം എമിറേറ്റായ അബുദാബിയിലെ ഐക്കണിക് കെട്ടിടങ്ങളിൽ ഇന്നലെ ഞായറാഴ്ച രാത്രി ചരിത്രപരമായ ഇന്നത്തെ ഗൃഹപ്രവേശം അടയാളപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ ചിത്രങ്ങളും സന്ദേശങ്ങളും പ്രകാശിപ്പിച്ചിരുന്നു.
അൽ ഐനിൽ ജനിച്ച ഡോ. സുൽത്താൻ അൽ നെയാദി യുഎഇ ബഹിരാകാശയാത്രിക പ്രോഗ്രാമിൽ ചേരുന്നതിന് മുമ്പ് യുഎഇ സായുധ സേനയിലെ മുൻ നെറ്റ്‌വർക്ക് എഞ്ചിനീയറായാണ് ജോലി ചെയ്തിരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 6 മാസം മൈക്രോഗ്രാവിറ്റിയിൽ ചെലവഴിച്ച അദ്ദേഹം ബഹിരാകാശത്ത് ഏറ്റവും ദൈർഘ്യമേറിയ അറബ് പൗരൻ എന്ന റെക്കോർഡും സ്ഥാപിച്ചിട്ടുണ്ട്.
മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ പ്രധാന ഉദ്യോഗസ്ഥർക്കൊപ്പം യുഎഇയുടെ സർക്കാർ വിമാനത്തിൽ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഇന്ന് വൈകിട്ടോടെ അൽ ഐനിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
യുഎഇയിലേക്കുള്ള വിമാനത്തിൽ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ ഉദ്യോഗസ്ഥരോടൊപ്പം കയറുന്നതായി കാണിച്ചുള്ള ഒരു ചിത്രവും അൽ നെയാദി ഇന്ന് തിങ്കളാഴ്ച ഒരു ട്വീറ്റിലൂടെ പങ്ക് വെച്ചിരുന്നു.