ദുബായ് ടാക്‌സി കോർപ്പറേഷന്റെ (DTC) സ്‌കൂൾ ബസുകളിലും ടാക്‌സികളിലും സ്വയം നിയന്ത്രിത അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചു.
കഠിനമായ ചൂടിൽ വാഹനത്തിന്റെ എഞ്ചിന് തീപിടിച്ചാൽ അത് ഓട്ടോമാറ്റിക്കായി തീയണക്കാൻ കഴിയുന്ന രീതിയിലാണ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് പ്രവർത്തിക്കാൻ മനുഷ്യന്റെ ഇടപെടൽ ആവശ്യമില്ല. തീപിടിത്തമുള്ള വാഹനത്തിന്റെ ഭാഗം കണ്ടെത്തി ആ ഭാഗത്തേക്ക് പ്രത്യേക ട്യൂബ് ബന്ധിപ്പിച്ച് തീ അണയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ തളിക്കും. ഇതുവഴി മിനിറ്റുകൾക്കകം തീ അണയ്ക്കാനാകും.
തുടക്കത്തിൽ 4459 ടാക്സികളിലും 953 സ്കൂൾ ബസുകളിലും ഈ ഉപകരണം ഘടിപ്പിച്ചിരുന്നു. വാഹനങ്ങളുടെ മുഴുവൻ ശ്രേണിയിലും പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഡിടിസി അസറ്റ് മാനേജ്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽഹാജ് നാസർ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയും ജീവനും സ്വത്തിന്റെ സംരക്ഷണവും മുൻനിർത്തിയാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ കൊടുംചൂടിനിടെ കാറുകൾക്ക് തീപിടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഈ സ്വയംനിയന്ത്രിത സംവിധാനം അഗ്നിബാധയുണ്ടാകുന്നത് ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷ.