ഒമാന്റെ ബജറ്റ് വിമാനമായ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഈ മാസാവസാനത്തോടെ നിർത്തുന്നതായി റിപ്പോർട്ടുകൾ.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് തങ്ങൾ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നത് എന്നാണ് റിപ്പോർട്ട്. ട്രാവൽ ഏജൻസികൾക്ക് ഇതുമായി ബന്ധപ്പെട്ട സർക്കുലർ വിമാന കമ്പനി പുറത്തിറക്കി. വെബ്സൈറ്റിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ നീക്കിയിട്ടുണ്ട്. ഈ സമയത്ത് റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പണം തിരികെ ലഭിക്കുമെന്നും സലാം എയർ അറിയിക്കുന്നുണ്ട്. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പെടമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
എന്നാൽ എത്രകാലത്തേക്കാണ് സർവീസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്നും ഒരു വിശദീകരണം ലഭിച്ചിട്ടില്ല.
തിരുവനന്തപുരം, കോഴിക്കോട്, ലഖ്നൗ, ജയ്പൂർ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് സലാം എയർ ഇപ്പോൾ സർവീസ് നടത്തുന്നത്. സലാലയിൽ നിന്നാണ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത്. അടുത്തമാസം ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ സലാം എയർ പിൻവലിക്കുന്നത്.